ചിറ്റൂർ: കനാൽവെള്ളത്തിലൂടെ വയലിലെത്തിയ പായൽ നെൽച്ചെടിക്കു ഭീഷണിയാകുമെന്ന് കർഷകർക്ക് ആശങ്ക. ഞാറുവളർന്ന വയലുകളിൽ പലയിടത്തും വെള്ളത്തിന് പച്ചനിറവും സമീപത്തായി കനാൽ വെള്ളത്തിൽ ഒഴുകിയെത്തി പാഴ്ചെടികളും വളർന്നു തുടങ്ങി. ഇതുമൂലം വയലിൽ വീശുന്ന വളം ലക്ഷ്യം കാണുന്നില്ല.
ഇനി തൊഴിലാളികളെ ഉപയോഗിച്ച് പായലും ചെടികളും നീക്കേണ്ടതായിവന്നാൽ ചെലവ് കൂടുമെന്നതും കർഷകരെ അലട്ടുന്നുണ്ട്. ജലസേചന വകുപ്പ് ശുചീകരണം നടത്തിയ പാഴ്ചെടികൾ കനാലിൽ തന്നെ ഉപേക്ഷിച്ചതാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നു കർഷകർ പറയുന്നു. കനാലുകളിൽ പലഭാഗത്തും ശുചീകരിച്ചിട്ട പാഴ്ചെടികൾ ജലഗതാഗതത്തിനു തടസമാകുന്നുമുണ്ട്. മുമ്പൊരിക്കലും കാണാത്ത വിധം വയലുകളിൽ പായൽ വ്യാപിക്കുന്നത് ഫല പ്രദമായി തടയാൻ നടപടിവേണമെന്നും കർഷകർ ആവശ്യപ്പെടുന്നു.